Tuesday, July 17, 2012

ശവമരം

അതങ്ങനെ എപ്പോ തിരിച്ചു വന്നാലും
ഉച്ചിയിലൊരു  കാക്കയെ സൂക്ഷിച്ച് നില്‍പ്പാണ്

കാത്തിരുന്നു കണ്ട് മറവിയിലേക്കെന്നോ ഇറങ്ങി പറന്ന്
കാക്ക പോകും

ചെരിവില്‍ അടച്ചിട്ട ശവങ്ങളുടെ രണ്ടു സൂക്ഷിപ്പുകാര്‍
ശവങ്ങളില്‍ വേര് പടര്‍ന്ന്
ഒരൊറ്റ മരം,കേള്‍ക്കുന്നു മരിച്ച വീടുകളെ
വീടുകളിലേക്ക് ചെന്ന് നോക്കുന്നു കാക്ക

ആ മരം നോക്കിയുള്ള ഇടയ്ക്കിടെനില്‍പ്പ്
സിഗരറ്റിന്റെ രുചി അതേ നിറത്തില്‍(ആ പഴയ നഷ്ട...)തരുന്നു
അതേ സൂര്യകാന്തികള്‍ മരിച്ചവരെ പോലെ പ്രകാശിക്കുന്നു

(ആരും കയറിവന്നില്ല കുഴൂരേ
ഇടം കുറിച്ചപ്പോള്‍ വേലികെട്ടി ശവപറമ്പിന്റെ മൂകതകല്ലില്‍ )

ക്രൂരതയല്ലേ
അല്ല
ഏകാന്തത ഒടുവില്‍ വന്നു ചേക്കേറാന്‍ ഒരു ചെരിവ്,ഒരു മരം
ഏകാന്തത കാക്കാന്‍ ഒരു കാക്ക,ഒരു ചില്ല മെല്ലെയിളക്കി പറക്കൽ,
ക്രൂരതയല്ലേയല്ല,
അവര്‍ ഏകാന്തതയുടെ സര്‍വ്വകലാശാലകള്‍

എന്നും വീടുകളെ
സൂര്യനെ
നിരാശരെ
നിരന്തരം ഏറ്റി നടക്കുന്ന
അതിന്റെ മരണാനന്തര നില്‍പ്പ്

എനിക്കിനിയും
'ആവേണ്ടതില്ല നദിക്കരയിലെ ഒരു മരം
ശവമാടങ്ങള്‍ക്ക് മുകളില്‍ പടരണം
ഒരിളവോ
ആത്മനിന്ദയോ അല്ല
അവരുടെ പാട്ടിന് ഒറ്റയ്ക്ക് നൃത്തം ചെയ്യുക
അവര്‍ക്ക് വേണ്ടി ഇലകളായി അവരിലേക്ക്‌ മരിക്കുന്ന
ഒരു പാവം മരം

മരിച്ച മരമേ ഇനി വരുമ്പോള്‍ നിന്നെയിവിടെ കണ്ട് പോകരുത്

No comments:

Post a Comment