Saturday, March 2, 2013

ഒരു ജലോപരിതലം കപ്പലുകളെചുമലിലിരുത്തി നടന്നുപോവുന്നു


(പരിഷ്കൃതരിൽ അപരിഷ്കൃതരും
അപരിഷ്കൃതരിൽ പരിഷ്കൃതരുമായി
തിരിഞ്ഞുമറിഞ്ഞുപോയതിനാൽ
ഞങ്ങൾക്ക് ആയ്യിടക്ക് കൗതുകമൊന്നും തോന്നിയില്ല.)

രാവിലെ മുതൽ വൈകുന്നേരം വരെ
ഒരു കാലം ആരംഭിച്ച് അവസാനിക്കുന്നു
ഋതുക്കൾ മാറിവരുന്നു
വർഷാ-വർഷങ്ങൾ,ദശാബ്ദങ്ങൾ
പ്രളയം വരൾച്ചകളുണ്ടാകുന്നു
എത്രയെത്രപേർ ജനിച്ചുമരിച്ചുപോയി
അതിൽത്തന്നെയെത്രകാലങ്ങൾ കഴിഞ്ഞുപോയി

കാലങ്ങളിൽ നിന്ന് അടർന്നുപോയ
ഒരു ഭാവി
ലോകം
ഇന്നാണ് ആരംഭിക്കുന്നത് എന്നുതോന്നി
രണ്ടുജീവികൾ പരിണാമ-പരിണാമങ്ങളെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്നു
ഒരു ചെടിപോലെ ലോകം വളരുന്നു

അദ്ഭുതപ്പെടുത്തുവാൻ
ഒന്നുമുണ്ടായിരുന്നില്ല അതിലൊന്നും
നമ്മളെകാണാൻ പുറപ്പെട്ട നമ്മളെ
നമ്മൾ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

സന്ദർഭങ്ങൾ അടുക്കിവെക്കുന്നത് കണ്ടു

നിന്റെ വിരലുകളിൽ നിന്നാണ്
ലോകത്തേക്കുള്ള മുറിഞ്ഞുപോയവഴികൾ
വീണ്ടുമാരംഭിക്കുന്നതെന്ന് ഞാൻ പറഞ്ഞു.
വഴികൾകൊണ്ട് എന്റെ മുഖം നിറഞ്ഞു

നമ്മൾ കണ്ടു
ലോകം നമ്മെകണ്ടുപിടിച്ചുകഴിഞ്ഞതിനെ.
അതിന്റെ അസംഖ്യം സൂക്ഷ്മകരങ്ങൾ
കപ്പലുകളിൽ നിന്ന് കായലുകളിൽ നിന്ന്
കെട്ടിടങ്ങളിൽ നിന്ന്
ഉയർന്നുയർന്നുവരുന്നതു കണ്ടിരുന്നു

നീ രഹസ്യങ്ങൾ സൂക്ഷിക്കാത്ത
ഒരുചില്ലുമീനിനെപ്പോലെ ചിരിച്ചുകൊണ്ടിരുന്നു

നിന്നിൽ നിന്ന് കൈവഴികൾ പുഴകളായ് ഒഴുകി
ജീവന്റെ ആദ്യമാദ്യം അതിൽ ഞെട്ടിഞെട്ടിയുണർന്നു

ഉൾക്കൊള്ളാവുന്നതിലധികം
ഫ്രൈമുകൾ കൊണ്ട്
ക്യാമറ ഹൃദയം പൊട്ടിമരിക്കുമോയെന്ന് ചിരിച്ചു.

കപ്പലുകളല്ല
ഒരു ജലോപരിതലം കപ്പലുകളെചുമലിലിരുത്തി നടന്നുപോവുന്നു

ലോകത്തിന്റെ അതിർത്തികളെ
കൂറ്റൻ കെട്ടിടങ്ങളെ
ഒരു ഹെലികോപ്റ്ററിൽ പറന്നുചെന്ന്
ബോംബുകൾ വർഷിച്ച് ഇല്ലാതാക്കുവാൻ
ലോകം ആവശ്യപ്പെടുന്നതായി തോന്നി


മരങ്ങളിൽ നിന്ന് വീണുകൊണ്ടിരിക്കുന്ന ഇലകൾ
കാറ്റിന്റെ തണുത്തുലഞ്ഞകുഞ്ഞുടുപ്പിൽ വരച്ചുവെച്ച
പൂവുകളെപ്പോലെയായിരുന്നു

മഴ വരച്ച ദു:ഖത്തിന്റെ നാഡീഞരമ്പുകൾ,
തിരിച്ചുപോകുമ്പോൾ
പടർന്ന് വളർന്ന് ഹൃദയത്തോളം കയറിച്ചെന്ന് എത്ര വലിയ ഒരു കാടായിരിക്കുന്നു.

സ്വപ്നം കണ്ടുജീവിക്കുന്ന ദ്വീപുകളെ
ആയിരമായിരം ശലഭങ്ങളെ
ജനനം മുതൽ മരണം വരെ പറന്നുകൊണ്ടിരിക്കുന്ന
ഓർമ്മകൾ അതിലെങ്ങും നിറഞ്ഞിരിക്കുന്നതും.

**  ഒരു ജലോപരിതലം കപ്പലുകളെചുമലിലിരുത്തി നടന്നുപോവുന്നു

No comments:

Post a Comment