Monday, July 16, 2018

മരിച്ചവരുടെ മറിയം.

"നേരത്തോട് നേരമായാൽ 
തിരിച്ചുകയറിവരുന്ന മറിയം അന്നങ്ങനെയല്ല.
മറവികളോട് മിണ്ടി കുന്നേറിയോ പോയാൽ തന്നെ
അവരന്നുവരെയങ്ങനാരുന്നു.

വീട്ടിൽ കൂടുതൽ കനത്തു മറിയത്തിന്‍റെ ഒ‍ഴിവ്.
നഖം ചുരണ്ടുന്ന സേവ്യർ തലനീട്ടി
പുറത്തേക്കുള്ള നോട്ടത്തിൽ 
വിളിയിൽ മറിയമില്ല.

വരുമ്പോ‍ഴിളകുന്ന ചെമ്പരത്തി വരമ്പിൽ
വരുമെന്ന തോന്നൽ ഇരുട്ടായി.
വ‍ഴികളടച്ച് കരഞണ്ടുകൾ കയറിത്തുടങ്ങി.
വാ‍ഴയിലകളിൽ ആഞ്ഞുതൂങ്ങുന്ന വവ്വാലുകളുടെ
കനം
അയാൾക്കുണ്ടായി.

അനക്കങ്ങളെ നിർത്തിവെച്ച് മരങ്ങൾ 
പല രൂപങ്ങളിലേക്ക് കയറിത്തുടങ്ങി.
ഇടക്കൊരില വീ‍ഴ്ത്തി നിശബ്ദതയെ വായിച്ചു.
അതിലൊരനക്കം പോലും മറിയമായി തോന്നി
സിസിലി വന്നു മുറ്റത്തേക്ക് നോക്കി.

അയാൾ ഇരുട്ടിലേക്ക് താ‍ഴ്ത്തി
മറിയത്തെ വിളിച്ചു.
പതിവിലും നീണ്ട വഴിയിൽ
പാതിചെരിഞ്ഞമഴവന്നു.
സേ‍വ്യർ സിസിലിയെ നോക്കി.

സിസിലിയെ മാത്രമേ
ഒടുവിലെ ഒാർമ്മയായി മറിയത്തിനുണ്ടായിരുന്നുള്ളൂ.
പൂവൻപ‍ഴംപോലുള്ള കൊച്ചിനെ കരുവാളിപ്പിക്കാതെടാ
എന്നൊരിക്കേ കാപ്പിക്കാടിന്‍റെ തിളപ്പിൽ 
മറിയം സേവ്യറോട് പറഞ്ഞു.
പിന്നെ മറന്നു.

പുതുശ്ശേരി ജേക്കബ്
താ‍ഴേത്തോപ്പിൽ ഫിലിപ്പ്
പേരില്ലാത്തൊരവറാച്ചൻ
ഗീത
മേരിയുടെ ഞെരമ്പ് പൊലത്തെ ചെക്കന് 
മുതിര പു‍ഴുങ്ങി കൊടുക്കാൻ 
വാറ്റാൻ വെച്ച ബാക്കി കൊടുക്കുന്ന 
ലീല.
ചട്ടക്ക് ഞൊറി നീയ്യിടടീ എന്ന് ശോശ.

ഒരൊറ്റമിന്നലിൽ 
ഒരൊറ്റ മരം തെളിയുമ്പോലെ 
ഇടക്കിടെ 
ഇവരെ മാത്രം മറിയമോർത്തു.

പറയുന്നതെവിടെയോ 
നിൽക്കുന്നതെവിടിയോ അവർക്കറിയത്തില്ല.

സേ‍വ്യറേ എന്‍റ പീറ്ററെന്ത്യേ 
എന്നവർ ഒരിക്കൽ ചോദിച്ചു.
ക‍ഴിഞ്ഞ പെസഹക്ക് 
കുരിശിന്‍റെ മുന്നിൽ അവർ കരഞ്ഞു.
സിസിലി ഒാടി വന്ന് 
എന്നാ അമ്മച്ചി പറഞ്ഞേ എന്ന് ചോദിച്ചു.
സേവ്യർ മറുപടിക്കായ് കു‍ഴയും മുൻപേ 
അവർ തോപ്പിൽ മടലുവീണ ഒച്ചക്ക് പിന്നാലെ പോയി.
കാണാതായ വള്ളിച്ചെരിപ്പിൽ 
പിന്നീട് കണ്ടെത്തിയ ഒരെണ്ണം 
വ‍ഴിയേ അവർ എടുത്തുനോക്കി.

ക‍ഴിഞ്ഞ അറുപത്തേ‍ഴ് വർഷങ്ങളിൽ
ഈ കുന്നിൽ പാർപ്പായകാലം
അപ്പാടെ മറന്നതാണ് മറിയം.

അന്ന്,
അതിൽപ്പിന്നെപ്പോ‍‍ഴോ.
ചെളിപുരണ്ട് 
പീറ്റർ മരിച്ചുകയറിവന്ന ദിവസം.

മറവികളിൽ പാലാ പൊൻകുന്നം ബസ്സ് 
ചുരം ചുറ്റി കയറുന്നതുപോലെ 
മറിയം ഇടക്കിടെ 
കുന്നുകയറിപ്പോകും 
നേരത്തോട് നേരം തികയുമ്പേ അവർ തിരിച്ചെത്തും.
ഇതുവരെ അങ്ങനായിരുന്നു.

ഇന്നങ്ങനെയല്ലാരുന്നു.
ആ തെറ്റലിൽ
വരമ്പിൽ
വ‍‍ഴുതും പോലെ 
നിലതെറ്റി സേവ്യർ.
നനഞ്ഞ പുല്ലിലായ് വീണപോലെ

കരഞ്ഞു.

എന്തൊരു കുത്തുന്ന നോവാണ് മറിയാമ്മേ എന്ന് കരഞ്ഞു.
കാട്ടുപന്നീടെ കുത്തിൽ തോളെല്ലുപൊട്ടികിടക്കുമ്പോ
പിലിപ്പോസ്.
കു‍ഴമ്പുപുരണ്ട കയ്യിൽ അയാളുടെ കണ്ണീർ കു‍ഴഞ്ഞു.
ആദ്യമായ് അയാൾ കരയുന്നത് കണ്ട് മറിയം കരയാതിരുന്നു.
പിലിപ്പോസ് കിടപ്പിലായ കാലം
കുന്നിൽ കാറ്റേറ്റ് ദീനം വന്നു.

കുരിശ്മലയിൽ 
കരടിപിടിച്ചും
വസൂരിപിടിച്ചും 
മരിച്ചവരിൽ പിലിപ്പോസും കുന്നിറങ്ങി.
അതിജീവിച്ചവരുടെ ഒാർമ്മക്കുന്നിൽ
പിന്നീട് ജീവിച്ചു.
മലയിൽ 
കരിയാത്തന് തിരികത്തിക്കാൻ 
കാളനെയും വെള്ളയേയും വിട്ട് 
മറിയത്തേയും 
സിസിലിയേയും 
പീറ്ററിനേയും വിട്ട്
മരണം ,
അക്കാലമൊടുവിലെ വേനലിൽ
കുന്നിറങ്ങി.

മരണത്തെപ്പേടിച്ച് 
കുന്നിറങ്ങിപ്പോയവരിൽപ്പെടാതെ 
മറിയവും മക്കളും മരിച്ചുജീവിച്ചു.
മറിയത്തിന് പോകണമെന്നുണ്ടായിരുന്നു.
വേരുപൊടിക്കുന്ന മുറിച്ചേമ്പുകളും
പുത്തനോല വന്ന തൈത്തെങ്ങും 
പീറ്ററും അവരെ വിട്ടില്ല.
സിസിലിയന്ന്
ഒരു കുഞ്ഞിപപ്പായപോലത്തെ കുഞ്ഞാ.

മലമ്പനിപ്പായയിൽ നിന്ന് 
പതിനാലാമ്പക്കം മറിയം 
ഉയിത്തെ‍ഴുന്നേറ്റുവന്നപ്പോൾ
പീറ്റർ ഉച്ചത്തിൽ കരയുകയായിരുന്നു,
അവന്‍റ കരച്ചിൽ ഒക്കത്തുവെച്ച് 
കുന്നിറങ്ങുകയും കയറുകയും ചെയ്തു.
വരമ്പ് കു‍ഴിച്ചു കു‍ഴിച്ചു കി‍ഴങ്ങുമാന്തി
അവർ ആവോളം കരഞ്ഞു.
കരഞ്ഞതിജീവിച്ചവരുടെ 
പുണ്യാളത്തിയായി അവർക്ക് 
ജീവിച്ചിരിക്കാൻ കർത്താവ് അവസരം നൽകിയെന്ന്
പാലായിൽ ഗതികെട്ടുജീവിച്ച മറിയത്തിന്‍റെ അപ്പൻ 
പള്ളിയിൽ
പിലിപ്പോസുപോയ കാട്ടിൽ അവളിനി എങ്ങനാ
എന്ന ചോദ്യങ്ങൾക്കാകെ ഉത്തരം നൽകി
ഇറങ്ങിപ്പോയി.


ചായ്പ്പിൽ 
പത്തുമൂട് കപ്പക്കുള്ള കമ്പായിരുന്നു
ഫിലിപ്പോസ് മറിയത്തിന് മരണത്തിൽ നൽകിയത്.
കൂരാത്തിയെ കോർത്ത് പൊള്ളലിൽ ചുട്ട് 
പീറ്ററും സിസിലിയും വളർന്നു.
പടർന്ന കപ്പ മണ്ണോടെ പി‍ഴുതുയർത്തുന്ന 
സേവ്യർ
കമ്പുകെട്ടി കുരിശുണ്ടാക്കി കുത്തിയ
മണ്ണുവെട്ടി ചായ്പ്പാക്കിയ പള്ളിയിൽ വെച്ച് 
സിസിലിയുമായി
പരസ്പരം ജീവിതത്തെ അലിയിച്ചു.

ചാരായപ്പുരയിൽ 
സേവ്യറിനുണ്ടായിരുന്ന പ്രേമത്തെ
സിസിലി പൂരിപ്പിച്ചു.
കപ്പവെക്കാനും കലപ്പ പിടിക്കാനുമായി
അ‍വൾ മൂന്നെണ്ണത്തെ 
പ്രാവുകളുടെ കൂടിനുതാ‍ഴെ 
ചായ്പ്പിന് താ‍ഴെ 
പൊന്നരി പൂച്ചക്കൊപ്പം പെറ്റു.

മറിയത്തിന് 
പരിവട്ടം തീർന്ന കാലമുണ്ടായിരുന്നില്ല.
നിന്‍റ ചെറുത് ചേറിലിറങ്ങാനായാൽ 
അമ്മച്ചി പാലാക്ക് പോകുമെന്ന് 
അവർ ഇടക്കിടെ പറഞ്ഞു.
എവിടേക്കെന്ന് സിസിലി ചിരിക്കും.
അവിടെ ആരുണ്ട്
ആരുമില്ല.
എങ്കിലും അവർക്കിത് മരിച്ച മണ്ണായിരുന്നു.
മരിച്ചവരുടെ വളമുള്ള 
കൂമ്പ് പൊട്ടി മുളക്കുന്ന ശവങ്ങളുടെ മണ്ണ്.
ഒ‍ഴിച്ചുവിട്ടവരുടെ 
ശാപങ്ങളുടെ 
ദൈവകോപങ്ങളുടെ 
ഗതികെട്ടവരുടെ 
മണ്ണ്.
മറിയത്തിന്‍റെ മണ്ണ്
ഇതായിരുന്നില്ല.


കുന്നാകെ തിരഞ്ഞ്
രാത്രികനത്തപ്പോൾ സേവ്യർ തിരിച്ചിറങ്ങാൻ തുടങ്ങി.
വ‍ഴിയിൽ നിന്ന് പാമ്പുകളൊ‍ഴിയാൻ ഒച്ചയിട്ട് നടന്നു.

മ‍ഴയാർത്തുനിൽക്കുന്ന ചെരിവിലൂർന്ന് 
സേവ്യർ ഒാർത്തു.
ഒടുവിലത്തെ ദിവസം 
പുത്തൻ ചട്ടയുമായി ഉമ്മറത്തുനിൽക്കുവാരുന്നു.
നീ നോക്കെടാ സേവ്യറേയെന്ന് പറഞ്ഞു.
മഞ്ഞൾ പു‍ഴുങ്ങുന്ന പുകക്കപ്പുറം 
അവർ മാലാഖയേപ്പോലെ കാണപ്പെട്ടതായി ഒാർത്തു.
അവരുടെ നിർമ്മലവും ശാന്തവുമായ മുഖത്തിൽ 
അയാളൽഭുതപ്പെട്ടു ഇപ്പോൾ.
മരിച്ചവർക്കുമാത്രമുള്ള ശൂന്യത
അയാൾക്കുമേലൊരുതരിപ്പുണ്ടാക്കി.
മരങ്ങളും മണ്ണടരുകളും 
ഇറങ്ങിയിറങ്ങിപ്പോവുന്നതായ് തോന്നി.

അയാൾ തിരിച്ചുപോന്നു.
സിസിലി ഉമ്മറത്തുവന്ന് ഇരുട്ടിലേക്ക് നോക്കിയിരുന്നു.
മരണത്തിന്‍റെ നി‍ഴൽ അവരെ മൂടി.
ഇരുട്ടിൽ നിന്ന് 
രണ്ടു ശബ്ദങ്ങൾ നടന്നുവരുന്നതുപോലെ അ‍വർ കേട്ടു.
നല്ലെ മ‍ഴമൂടിയ കുന്നിൽ തെന്നി തെന്നി 
സേവ്യർ വന്നു കയറി.
അയാളുടെ കാലുകളിൽ 
മുള്ളുകോറിപ്പൊടിഞ്ഞ 
ചോര.

മരിച്ചവരുടെ ചെരിവിൽ 
മേൽമണ്ണുചെത്തുന്ന മ‍ഴവരും വരെ
മറിയത്തേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

എത്താത്തിടത്തോളം
നടന്ന് കുന്നിനടിയിലേക്ക് നീന്തിപ്പോയെന്ന്
ഒരിക്കൽ സിസിലിക്ക് വെളിപാടുണ്ടായി.

പള്ളിക്ക് ആദ്യത്തെ വികാരിവന്നതിന്‍റെ
മുപ്പത്തിമൂന്നാം വർഷത്തിൽ
മറിയത്തെ ശാന്തമായി ഉറക്കിയയന്ന് 
സിസിലി അവരുടെ പതിഞ്ഞശബ്ത്തെ കേട്ടു.
കാണാതായ വള്ളിച്ചെരിപ്പുകളിലൊന്ന് 
തിരയുന്ന ശബ്ദം വിറകുപുരയിൽ നിന്ന് കേട്ടു."

3 comments:

  1. https://anoopkeyar.blogspot.com/2018/07/blog-post.htmli

    ....
    'വർഷങ്ങൾക്ക് ശേഷം പള്ളീല് വന്ന പുത്തനച്ചന്റെ ഉറക്ക് പാട്ടും കേട്ട് ആറടിയുടെ ആഴത്തിൽ ഉണരാൻ ഇഷ്ട്ടമല്ലാത്ത ആണ്ട ഉറക്കത്തിലമർന്ന് മറിയം കിടക്കുമ്പോൾ .,

    താഴ്വരയാകെ പുകമഞ്ഞ് നിരന്ന നേരത്ത് കുന്നിറങ്ങി വരുന്ന ഒരു ജീപ്പിന്റെ ഒച്ച ചീവിടുകളുടെ ഏങ്ങലടികൾക്കൊപ്പം'

    അലിഞ്ഞ് ചേർന്നിരുന്നു...

    'കാഴ്ച്ചയുടെ ഭാഷയ്ക്ക് സമാന്തരമായി വാക്കുകളുടെ വേറിട്ട തൈമരങ്ങൾ നട്ടു വക്കുന്നുണ്ട് 'അനൂപ് കേയാർ' .
    കഥയുള്ള തിരക്കഥയുള്ള 'കവിതകളാണ് കേയാർ പറയുന്നത്.
    പുതിയ കാല വായനയിടത്തിൽ ഈ കവിയെ വായിക്കേണ്ടി വരും.

    'മരിച്ചവരുടെ മറിയം'

    അനൂപ് കേയാറിന്റെ മറ്റ് കവിതകളുടെ പരിസരങ്ങളിൽ നിന്നും ഭാഷാപ്രയോഗങ്ങളിൽ നിന്നും വ്യത്യസ്തമാണ്.
    ആത്മഗതമെന്നോ യാത്രവിവരണമെന്നോ ചെറുകഥയെന്നോ' ഒടുവിൽ സിനിമയെന്നോ തോന്നിപോകുന്ന അനുഭവം ഈ കവിതയുടെ വായനാ വഴികളിൽ ചേക്കേറുമെന്നുറപ്പ്. ഭാഷാ പ്രയോഗത്തെ അതിസൂക്ഷമമാക്കി വ്യത്യസ്ത അനുഭവം ഉണ്ടാക്കുന്ന കേയാറിന്റെ രീതി ഇതിലും കാണാം.

    സ്നേഹം'
    കേ യാ ർ.'

    ReplyDelete
  2. മറിയം മനസ്സിലേക്ക് നീന്തിക്കയറുന്നു...

    ReplyDelete
  3. ഓരോ വരിയും ഒരു കഥയാണ് .... ജീവിച്ചിരുന്നവരുടെയും ജീവിച്ചിരിക്കുന്നവരുടെയും അടയാളപ്പെടുത്തൽ . അനൂപിന്റെ കവിതകളിൽ മണ്ണും മനുഷ്യനും ഇണ ചേർന്നു കിടക്കുന്നു.

    ReplyDelete