Wednesday, April 10, 2024

വളം



ചത്തമരങ്ങളും മനുഷ്യരും ചീഞ്ഞാ ഒരുമാതിരി വെളവുണ്ടാവും.
മണ്ണിലാണേലും മനുഷേരേയായാലും ഇക്കണ്ട വിളവും പാഴും പന്നലുമൊക്കെ അതല്ലേ.

വളം എന്നുപറയുമ്പോ തണ്ട്‌ നീറണവിധം അടിക്ക്‌ പതിയണം.കാർന്നോന്മാര്‌ നീറിയവിധം.

അയാളോ അയാക്കടെ മുൻപേ പോയവരോ നെറികേടുകൊണ്ട്‌ ഒണ്ടാക്കീതാണ്‌. ജീവിതം ചെന്ന് മുട്ടുമ്പേ അങ്ങനെ തന്നാ എല്ലാ പൊറുതിക്ക്‌ വകകണ്ടേ.

താങ്ങുകുത്തിയ സമൂഹച്ചെടി‌ ഒരു മൈരിനും കൊള്ളത്തില്ലായിരുന്നു.

കുന്ന് മുഴുവേൻ വെട്ടിതരിശാക്കി തെരുവയോ ഏതാണ്ടൊക്കെയൊ നടുമ്പേ അവന്മാരിത്‌ ഓർക്കണമാരുന്നു.പോയ മാനും മുയലും പന്നീം പെരുച്ചാഴീമൊക്കെ ഇണയേ വന്ന് കൂടുമെന്ന്.തരം മാറ്റണപോലെ ഒണ്ടാക്കിയോരെ മാറ്റിക്കുത്താനൊക്കുകേലെന്ന്.

ഓ,ഒരു തരം മാറ്റലാണന്നേ  എല്ലാം!

അതീ കാലംകെടുമ്പോ വെളവും കെടും.മണ്ണും.അപ്പോ പെടച്ച്‌ വളരണ മറ്റൊന്ന് കുത്തണം.മനുഷെർക്കെടേല്‌ അങ്ങനൊന്നില്ല.അപ്പോ അവർക്കുള്ളിലെ അദൃശ്യമായ ആ മൃഗസമൂഹമുണ്ടല്ലോ.അതങ്ങ്‌ പൊളക്കും.

മൈര്‌!

അമ്മച്ചി പോയാല്‌ ‌ വീടേല്‌ ഒരൊഴിവുണ്ടാവില്ലെ.അതങ്ങ്‌ നീണ്ട്‌ പോയാ.അതൊരുമാതിരി കാടാവും.പുറത്തേക്കിറങ്ങാനൊക്കെ പിന്നെ ഒരു പെടാപ്പാടാ.

പോയ അമ്മച്ചി പോലാ കുന്ന്.

മെരുക്കികിടത്തീട്ടും ഒരുമാതിരി മുറിവേറ്റ പന്നീനെപ്പോലെ ഇരിക്കണ മേശേം കട്ടിലും അലമാരേം ഒക്കെ കണ്ടോ.അതിങ്ങള്‌ ഒഴിഞ്ഞുപോയ കൂട്ടരാ.അടിയേൽ മുട്ടനൊരു കാ, കപ്പച്ചെടി ഒളിപ്പിക്കണപോലെ ഒരു തോട്ടായെങ്കിലും അതുങ്ങള്‌ വെച്ചിട്ട്‌ പോട്ടെന്ന്.

തിന്മേം തിന്മേക്കെ അത്രേയുള്ളൂ.

ഈ മണ്ണിൽ കായ്ക്കും അപ്പുറത്തേ തൊടിയിൽ കൊരണ്ടുപോകേം ചെയ്യാം.അല്ലേ ഒരു തരം വാശിയോ ഗതികേടോ ആണിതൊക്കെ.കുറ്റം പറയാനൊക്കത്തില്ല.

ഇപ്പത്തൊടങ്ങീതല്ല.ചെരിവിൽ അരിഞ്ഞരിഞ്ഞ്‌ ഇനീം പോയാ അങ്ങനെ കണങ്കാലുകള്‌ ‌ ഉന്തിവരും.വാഴാൻ ഊക്കില്ലാത്തോർ ചതുപ്പേലും ഷാപ്പേലും കിടക്കുന്നുണ്ട്‌. ഇറച്ചി‌ ചീഞ്ഞ്‌ പോവുമ്പേ ഒഴിവ്‌ മാളമാക്കിയ ഇഴജന്തുക്കൾ പൊറത്തൂടെ നടക്കണ മനുഷേരെ കാലേപ്പിടിക്കും.

ഉദാരീകരണം കഴിഞ്ഞ്‌ ഉദ്ധരിച്ചുണ്ടായോർക്ക്‌ അതിന്റെ ഒരു ഏകാന്തതപ്പെടലുണ്ട്‌.റബ്ബർപ്പാലുകൊണ്ട്‌ ഉണ്ടായവനേ എന്ന് നാട്ടിലെ കാർന്നോന്മാര്‌ ‌ ഒച്ചപ്പാടുണ്ടാക്കണ കേക്കാം. ഒരു വാക്കോതുന്നതുമല്ലായിരിക്കും.അക്കാലത്ത്‌ ഒട്ടുപാല്‌ വെട്ടാൻ വരുന്നോർക്ക്‌ ഒരിതുണ്ട്‌.ഇപ്പോവതില്ലെത്തന്നേയൊള്ള്‌ !

അതീ പറമ്പേലുള്ളൊർക്കെല്ലാം ഒള്ള ദാരിദ്രവാ.കള്ളുകുടിച്ച്‌ വീമ്പിട്ട്‌ നടക്കുന്നേന്നെ ഒള്ളൂ.ലൊരു കൊഴച്ചിലുണ്ട്‌.

ഓ കുതറൽ.

എല്ലാം ഒരു നുണയാണ്‌.നുണ പൊടിക്കുന്നത്‌ പന്നലുപോലാ.കയ്യീന്ന് പോയാ പോയതാ.അതിമേ വളരണതൊന്നും പക്ഷെ നീളത്തില്ല.

മരിക്കാനുള്ളവരും.


ഒരു തരത്തീപ്പറഞ്ഞാ പെഴപ്പാ.

അതീപ്പറഞ്ഞത്‌ പോലെ ഒരു ഗതികേടാ.


എന്റപൊന്നച്ചോ,ഇതൊക്കെ വരണനേന്‌ മുൻപേ വളോം പാകി ഞാനീപ്പറമ്പൊക്കെ നടന്നിട്ടുണ്ട്‌.ഈപ്പറഞ്ഞ പാമ്പും കരടീം പ്രേതവൊക്കെ ഇതിലേ നടക്കുമ്പോ ആ വരമ്പത്തൂടെ നടക്കും.

കണക്കൊക്കെ നോക്കിയാ കുറ്റബോധവോ മൈരോ തോന്നത്തില്ല.ചത്ത്‌ ചത്തല്ലോ ചരിത്രവൊണ്ടായേ.

പീറ്ററ്‌ കൊന്നെന്നിരിക്കും,അവനും ചത്തല്ലേ കെടക്കണേ.മൂന്നാം പക്കം ഉയിർക്കുവാണേ പറയാ,അവന്റെ തള്ളേപ്പോലെ,യേശുവേപ്പോലെ.


ഇപ്പൊ അതൊന്നടക്ക്‌.ചത്തേനൊക്കത്തില്ല വേറെവളം.

(പീറ്ററുടെ മരണാനന്തരം സേവ്യർ വികാരിക്ക്‌ മുന്നിൽ നടത്തിയ ചരിത്ര പ്രസിദ്ധ സുവിശേഷം.1994-മേടം-10)




No comments:

Post a Comment