Sunday, April 26, 2020

ഉടൽ

വിഷംതീണ്ടിയാണ്‌ മേപ്ലാവിൽ വറീത്‌ ഉടൽ വിട്ടത്‌.

തെരുവക്കാടിൽ വാറ്റിന് ചായ്പ്പെടുക്കുമ്പേ
കലത്തീക്കൊണ്ടു ഒപ്പമുള്ള കാളന്‍റെ തൂമ്പ.
സ്വർണ്ണക്കലമായിരുന്ന്.
കിലുക്കികിലുക്കി കാളൻ വറീതിനോട്‌ പറഞ്ഞു
ഒരു കിലുക്കമുണ്ടല്ലോ കുടത്തിലേ.
വറീതിന്‌ ചങ്കുമങ്ങിപ്പോയി.

കാളനെപിന്നീടാരും കണ്ടിട്ടില്ല.
കരടികളും പുലികളുമുള്ള ചെരിവിൽ,
കാണാതായവരെക്കുറിച്ച് അന്വേഷിക്കാറില്ലാരും.
അക്കാലത്തൊക്കെ ഒരു കാരണം കണ്ടെത്തിയാൽ മതി മരണത്തിന്.
മരിച്ചവർക്ക് പിന്നീടുള്ളവരുടെ ജീവിതത്തിലോ വെപ്രാളത്തിലോ
പിന്നൊരുകാര്യമില്ലാത്തതിനാൽ അതങ്ങനെ തുടർന്നു.


പിന്നീടങ്ങാട്ട്‌  വറീതിന്‍റെ,
ബസ്സും പത്രാസും മില്ലും ശീലക്കടയൊക്കെ എന്താന്നാ?
നിധി!
കാളന്‍റെ നിധി.

ഒരാളുമറിയാഞ്ഞിട്ടും.
പിന്നെങ്ങനെ ആ രഹസ്യം പുറത്തായി.
ആരാണ് ആ രഹസ്യം പുറത്തെത്തിച്ചത്.
മോളിയോ വറീതോ മിണ്ടിയിട്ടില്ല.
കുറച്ചുകാലം ഒളിപ്പിച്ചുവെക്കാൻ തീരുമാനിച്ചുവെന്നേയുള്ളൂ.
പാലാക്ക് തിരിച്ചുപോയേക്കാമെന്ന് മോളി പറഞ്ഞു.
പന്തീരാണ്ടോ അധിലധികമോ വാറ്റിയാലും കിട്ടാത്തത്
മണ്ണ് തന്നില്ലേ,തിരിച്ചുപോയേക്കാമെന്ന് വറീതും കരുതി.
എന്നാലതയാൾ വേണ്ടെന്ന് വെച്ചു.
തിരിച്ചുചെല്ലാനാവാത്ത ഒരു രഹസ്യം
അയാൾ മോളിയിൽ നിന്നും മറച്ചു.
മോളിക്കതറിയില്ലെന്നും അയാൾ വിശ്വസിച്ചു.


നിധി  ഒരു രഹസ്യമല്ല.
മണ്ണിന്‍റെ അടരുകളിൽ നിന്ന് ഒരിക്കൽ അത് വെളിപ്പെടുന്നില്ലേ.
രഹസ്യങ്ങൾ വാക്കുകളാൽ മാത്രം പടരുന്നതല്ല.
രഹസ്യങ്ങളുടെ ഉടൽ അത് പേറുന്നവരിൽ മാത്രമല്ല.


വാഴൂല്ല വറീതേ എന്ന് 
നാട്ടിലൊരു കഥ പാറുന്നതിന്‌ മുൻപേ വറീതിന് മുന്നിൽ
വികാരിയച്ചൻ പ്രത്യക്ഷനായി.
കപ്പേളക്ക്‌ കണ്ട സ്ഥലവാരുന്നല്ലോ വറീതേ.
ചെരിവായതോണ്ട്‌ വിട്ടതല്ലായിരുന്നോ
പള്ളിക്ക്‌ ചേരേണ്ടതാ 
ഭൂമീലെ വിത്തൊക്കെയെന്ന്
വികാരി പറഞ്ഞു.

അയാൾ വെട്ടിത്തുറന്ന് പറഞ്ഞ്‌,
ഇല്ലച്ചോ എനിക്കങ്ങനൊരു പൊന്ന് കിട്ടീട്ടില്ല.

നിനക്കൊപ്പം തെരുവ ചെത്താൻ വന്ന ഒരുത്തനുണ്ടായിരുന്നല്ലോ
വറീതേ അവനെ കരടിയോ കാട്ടുപന്നിയോ കുത്തിയെന്ന് കേട്ടു.

ചെരിവേൽ പുലിയുമുണ്ടച്ചോ.
എന്ന് വറീത് പറഞ്ഞു.

എന്നാൽ ചെരിവിൽ ഉഗ്രൻ നിധികെടപ്പുണ്ടെന്ന് നാടാകെ പരന്നു.
പാതിരാക്ക് നിധിപരതി തെരുവപ്പറമ്പിൽ
ആളുകൾ കൂട്ടമായെത്തി.
കൂട്ടിയിട്ട് കത്തിച്ച മരങ്ങളുടെ ചാരത്തിൽ പുതഞ്ഞ്
അവരെല്ലാം  മടങ്ങി.


അയാളുടെ നുണക്ക്‌ അത്രയുറപ്പുണ്ടായിരുന്നു.
എങ്കിലുമാളുകളിലാളുകളിൽ
അത് പടർന്നു.
പോലീസുവന്ന് പരതി.
അയാളെ സ്റ്റേഷനീലിട്ട്‌ തല്ലിപ്പതച്ചു.
മോളിയോട്‌ അയാൾ കാഞ്ഞുപോവുന്നേനുമുൻപേ 
പറ എവിടെ സ്വർണ്ണമെന്ന് ചോദിച്ചു.
വറീതിന്‍റെ അമർത്തിയുള്ള നിലവിളി കേട്ടിട്ടും
അ‍വർ തളർന്നില്ല.
അയാളങ്ങനെ ചാവത്തില്ല ഏമാനെ
എന്നല്ലാതെ ഒന്നും മോളി പറഞ്ഞില്ല. 

അയാളുചത്താൽ കിട്ടുമോ പൊന്ന് എന്ന്  എസ്‌ ഐ പോലീസുകാരോട്‌ മുരണ്ടു.
അയാള് ചത്താ എനിക്കറിയുകേലെ എന്ന് 
കൈകഴുകി.

ഇടക്കിടെ മൂക്കുന്ന ഇടുപ്പ്‌ വേദനയുണ്ടായിരുന്നു  വറീതിന് പിന്നീട്.
ഇടുപ്പേലൊരു കൊഴപൊട്ടി ആ എസ്‌ ഐ
പായമ്മേന്നെഴാതെ കിടക്കുമ്പോ 
വറീത്‌ പിന്നൊരിക്കെ അയാൾക്ക്‌ കാശുമായി പോയിട്ടുള്ള കഥയുണ്ട്‌.

അയാള് ചത്തില്ല.
അതിന്‌ തൊട്ടുമുൻപത്തെ നിമിഷം അയാൾ വിട്ടയക്കപ്പെട്ടു.
ഇഴഞ്ഞോ നടന്നോ അയാൾ മോളിക്കരികിലെത്തി.

അന്ന് രാത്രി നീളെ മോളി  അയാളെ ഉഴിഞ്ഞു.

കിടക്കുമ്പേ മോളി ചോദിച്ചു.
നിങ്ങൾക്കീദുരിതം താങ്ങണ്ട കാര്യമുണ്ടാരുന്നോ
എത്ര വേദനതിന്നു.

കു‍ഴമ്പുപുരണ്ട മോളിയുടെ കയ്യേപ്പിടിച്ച് അയാൾ പറഞ്ഞു,
ഈ പെരുമലേന്ന് പൊടിച്ചുണ്ടാക്കിയ മണ്ണാണേ മോളീ ഈ വിളഞ്ഞുനിൽക്കണെ.
ആ പാടുണ്ടല്ലൊ ഈ പാടിനേക്കാൾ വലുതാ.
അവരന്നാഞ്ഞ്‌ പണിയെടുത്തുറങ്ങി.
മോളിക്കാപ്പാട്‌ മനസ്സിലായി.
പറമ്പേലും മോളിയേലും വറീത്‌ ഒരുകണക്കേയായിരുന്നു.
അത് അന്നത്തോടെ നിൽക്കുകയും ചെയ്തു.
മണ്ണിലും മോളിയിലും ഒരുപോലെ പണിത വറീതിന്
കാപ്പിമില്ലിലും ചാരായഷാപ്പിലും തൊ‍ഴിലാളികളായി.
അയാൾ പണിമറന്നു.

ഇതൊക്കെ പഴേ കഥ 
പുതിയേ കഥ ഇങ്ങനെ അവസാനിക്കുന്നു.

ചാരത്തിൽ തെരുവപൊടിക്കുന്നപോലെ വറീത് വളർന്നു.
മോളിക്കാ പ‍ഴയകാലം തികയാതെ വന്നു.
പാലക്ക് പുറപ്പെട്ടുപോക്ക് പതിവായി.
വ‍ഴിയേന്നവളെപിടിച്ചുകൊണ്ടുവരലായി.
മോളി  ഒാർമ്മകൾക്കുമേലിരിപ്പായി.

കാലം പോകെ ഒരിക്കേ,
കുളിമുറിയേ ചൂടുവെള്ളം വെക്കാൻ പോയ മോളി
അലറിക്കൊണ്ടുപാഞ്ഞു.
വളവളാന്ന് അവളൊരുഗ്രൻ പാമ്പിനെകണ്ടതായ്‌ പറഞ്ഞു.
വറീതും പണിക്കാരും കുളിമുറിയേൽ തിരഞ്ഞു.
അയാൾ സ്വർണ്ണമാലയൂരിവെക്കുന്ന തിണ്ടിന്മേൽ അതിരിപ്പുണ്ടായിരുന്നുവെന്ന് മോളി പറഞ്ഞു.
തിരഞ്ഞിട്ടും തിരഞ്ഞിട്ടും  ആളുകൾ കണ്ടില്ല.
ഇ‍ഴഞ്ഞപാടോ മണമോ ആളുകൾ തിരഞ്ഞു.

കാണാതായാൽ പിന്നെ ഒന്നല്ല അതേ പാമ്പ്‌.
അതിലുണ്ട്‌ മറ്റേതിനാക്കാളുമൊരിനം വിഷം.
അനക്കങ്ങൾ,ശബ്ദങ്ങൾ,നിശബ്ദത,ശ്വാസം
പാമ്പിന്‍റെ ഉടലുകളായ് പരിവർത്തനപ്പെട്ടു.
കാണാതായ പാമ്പിന്‍റെ ഉടൽ വീടാകെ നിറഞ്ഞു.

നാട്ടിൽ അതിനേക്കാൾ വലിപ്പമില്ല മറ്റൊന്നിന്‌.
അതിന്‍റെ നിറം കണ്ടതിനേക്കാൾ മഞ്ഞ.
അതിന്റെ പത്തിക്ക്‌ പ്രതികാരത്തിന്റെ നീല.
അതിന്‌ പഴങ്കഥകളുടെ പൊരുൾ.
സ്വർണ്ണരേഖകളാൽ അതിന്‍റെ ഉടൽ.
അതിന്‌ ഓർമ്മകളുടെ പെരുങ്കാലുകൾ.
അതിന്‌ കാളൻ വരമ്പേൽ 
ചത്തുമലച്ചുകിടന്ന രാത്രിയുടെ കണ്ണ്‌.

നാടൊട്ടുക്കേ അതിന്‌ സാക്ഷികൾ.

അധികം കഴിയും മുൻപേ വറീതിനെ പാമ്പുകൊത്തി.
അയാൾ കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
അയാൾ പെട്ടെന്ന് മരിച്ചുപോവുകയായിരുന്നു.
കടിയേറ്റ പാട് മോളി കെട്ടിവെച്ചിരുന്നു.
കെട്ടിവെച്ചകാലിൽ നീരുണ്ടായിരുന്നു.
കരിനീലിച്ചപാടുണ്ടായിരുന്നു.

മോളി പിന്നീട്‌ തനിച്ചായി.
അവരുടെ പുറപ്പെട്ടുപോക്ക് നിന്നു.

വിഷവും ഉടലില്ലാത്തതുമായ 
അവളുടെ വളർത്തുപാമ്പ്‌ കുളിമുറിവിട്ടു.

No comments:

Post a Comment