Wednesday, September 11, 2019

പ്രണയാന്ത്രികം


എന്ത് പറയാൻ ബ്രേക്കപ്പിന് ശേഷം

ഞങ്ങൾ കൂടുതൽ സ്നേഹിച്ചു.
കൂടുതൽ മനസ്സിലാക്കി തുടങ്ങി.
പ്രശ്നങ്ങളെ വിലയിരുത്തി തുടങ്ങി.
ജനാധിപത്യപരമായ ഒരു നീക്കുപോക്കിലേക്ക് എത്തിത്തുടങ്ങി.
ജനാധിപത്യത്തെക്കുറിച്ചുള്ള  ധാരണങ്ങൾ ഞങ്ങൾ മറന്നു.

ഒാ ഉപാധികൾ.

പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ
ചർച്ചക്കിട്ടു.
കൂടുതൽ പരിഗണന
കൂടുതൽ വൈകാരികത എന്നിവ മാറ്റിവെക്കാം.

പ്രേമമൊ‍ഴിയുന്നതോ
കലഹമ‍ഴിയുന്നതോ
വരെ കാത്തിരിക്കാനും
സംസാരിക്കാനും തീരുമാനിച്ചു.

ഉടമ്പടികളിലൂടെ നിലനിൽക്കുന്ന
മാതൃകകളിലൊന്നായി
ഒരുമിക്കാൻ തീരുമാനിച്ചു.

ജോലികൾ വിഭജിച്ചു.
ദിവസങ്ങൾ വിഭജിച്ചു.
സ്വാതന്ത്രത്തിന്‍റെ വാതിലുകൾ പരസ്പരം തുറന്നു.
താരതമ്യങ്ങളിലെ കേട്
അനുഭവങ്ങളുടെ പാട്
എന്നിവ മനുഷ്യരാൽ നിയന്ത്രിക്കപ്പെടുകയില്ല എന്നതിനാൽ
അവക്ക് നിയന്ത്രണം കൊണ്ടുവന്നു.

കൂടുതൽ അവകാശബോധങ്ങളുടെ വെളിപാടുകളുണ്ടായി.
രണ്ടുപേർക്കിടയിൽ ജനാധിപത്യത്തിന് പരിമിതികളുള്ളതിനാൽ
മറ്റൊരാളെ തർക്കങ്ങളിൽ തീരുമാനമുണ്ടാക്കാനായി നമ്മൾ ജന്മം നൽകി.

വിഭജിക്കപ്പെട്ട ദേശങ്ങളിലൂടെ അവൻ വളർന്നു.
ഞങ്ങൾ അ‍വനെ പങ്കിട്ട് വളർത്തി.
കൂടുതൽ ആരെയാണിഷ്ടം കുഞ്ഞാ എന്ന്
ഞങ്ങൾ ചോദിക്കാറുണ്ട് രഹസ്യമായി.
എന്‍റെ മുറിയിൽ എന്നെയെന്നും
അവളുടെ മുറിയിൽ അവളെയെന്നും
അവൻ ഞങ്ങളെ പറ്റിച്ചു.

രണ്ട് മുറികളിൽ
രണ്ട് കളിപ്പാട്ടങ്ങളിൽ അവൻ കളിച്ചു.
രണ്ട് പാട്ടുകൾ കേട്ടു.
രണ്ട് കഥകൾ കേട്ടു.

തുറന്ന് വിടേണ്ട ഒരു
മോണ്സറ്റർ കില്ലിഗ് സിറ്റിയിലെ മൃഗക്കൂടാണ്
തന്‍റെ വീടെന്ന്
അവൻ കൂട്ടുകാരിക്കയച്ച മെസ്സേജ്
കണ്ടയന്നാണ് കാലങ്ങൾക്ക് ശേഷം
ഞങ്ങൾ ഒരുമിച്ചിരുന്നത്.

പര്സ്പരം സംസാരിക്കാൻ ഞങ്ങൾക്കറിയില്ലായിരുന്നു.
മെസ്സേജുകൾക്ക് 
മറുപടിപറയുന്നതിനിടയിൽ
ഞങ്ങൾ അൽപം സംസാരിച്ചു.
ബ്രേക്കപ്പിന് ശേഷം ക‍ഴിഞ്ഞ വർഷങ്ങളെക്കുറിച്ച്
ആലോചിച്ചു.

സംസാരിക്കാനൊന്നുമില്ലെങ്കിൽ ,
എന്നവൾ നിശബ്ദതക്ക് ഉത്തരമിട്ടു.
ഞങ്ങൾ എ‍ഴുനേൽക്കാൻ തുടങ്ങി.

ഞങ്ങൾക്കിടയിൽ
കളിച്ചുകൊണ്ടിരുന്ന അ‍വൻ ഞങ്ങളെ നോക്കി.
അവന്‍റെ മുറിയിലേക്ക്  കൈപിടിച്ച് വലിച്ചു.

ഈ മുറി ഈ വീട്ടിലുണ്ടായിരുന്നോ എന്ന് ഞങ്ങൾ സംശയിച്ചു.
അ‍വൻ ചിരിച്ചു.
പപ്പാ മമ്മീ
യുദ്ധം ചെയ്യ് എന്നവൻ ഇരുട്ടിൽ മുങ്ങി.

ഇരുട്ടിൽ ഞങ്ങൾ പരതി.
അവൻ അ‍ഴിച്ചുവിട്ട മൃഗങ്ങളുടെ മുരൾച്ചകൾ പൊന്തി.
കൂറ്റൻ കൊമ്പുകൾ പല്ലുകൾ
ഞങ്ങളിലാ‍ഴ്ന്നു.
ചോരവാർന്നു.

ഇടക്ക് അ‍‍വൻ ആയുധങ്ങൾ എറിഞ്ഞുതന്നു.
ആർമി കനൈഫ്
ചെയിൻസോ
ആർപിജി
സ്നിപർ ഗണ്
എം 4 റൈഫിൾ
ഗ്രനേഡ്.

വെടിയുതിർത്ത് ഞങ്ങൾ തിരിച്ചിറങ്ങി.
വീടിന് പുറത്തെത്തി.
വെടിയേറ്റ് പിന്നാലെ വരുന്നവയെ
തുടരെ വെടിവെച്ചിട്ടു.

ഞങ്ങൾ റൂമുകളിലേക്ക് കയറിപ്പോയി.

രണ്ട് പേരായി ഞങ്ങൾ അവശേഷിച്ചു.
നിന്‍റെ മുറിയിൽ ഞാനും
എന്‍റെ മുറിയിൽ നീയും പെട്ടു.
പരസ്പരം ബന്ധിപ്പിക്കുന്നതൊന്നുമില്ലാത്ത
ഭൂമിയായ് മുറികൾ മാറ്റപ്പെട്ടിരിക്കുന്നു.
അപരിചിത ജീവി സങ്കരങ്ങളെപ്പോലെ
നിന്‍റെ വസ്തുക്കൾ.


നിശബ്ദതയുടെ അവക്കിടയിൽ നിന്‍റെ ആദൃശ്യത.

അപരിചിതമായ മൂലകളിൽ തിരഞ്ഞു.
എന്നേക്കാൾ വലിയ ആയുധം
നിന്നേക്കാൾ വലിയ ആയുധം
എന്നിങ്ങനെയാണോ കയ്യിലെന്ന്
സംശയിച്ചു നടന്നു.

ആയുധങ്ങൾ തീർന്നുപോകെ
പെടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒന്നിനെ
പെടുന്നനെ വധിക്കാൻ
വെടിയുതിർത്ത് ഞങ്ങൾ നടന്നു.

ഞങ്ങൾ ഞങ്ങളെ തിരഞ്ഞു.




No comments:

Post a Comment